മഹാസമ്മേളനം ജനുവരിയില്‍ മലപ്പുറത്ത് - പ്രൗഢമായി വിളംബര സമ്മേളനം

മലപ്പുറം: നൂറ്റാണ്ടിന്റെ വിജയഗാഥക്ക് വിളംബരമായി. നൂറിന്റെ നറുനിലാവു്മായി കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കിയ മഹത്തായ പ്രസ്ഥാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചരിത്ര മുന്നേറ്റത്തിന് പ്രഖ്യാപനമായി. ബഹ്റുല്‍ഉലൂം ഒ കെ സൈനുദ്ദീന്‍കുട്ടി മുസ്ലിയാര്‍ നഗരിയില്‍ പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി സമസ്ത ജന. സെക്രട്ടറി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനം മലപ്പുറത്ത് നടക്കുമെന്ന പ്രഖ്യാപനം നടത്തിയപ്പോള്‍ തക്ബീര്‍ധ്വനികളോടെയാണ് തിങ്ങിക്കൂടിയ പുരുഷാരം എതിരേറ്റത്. 'സമസ്ത: 100 പ്രകാശവര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ അടുത്ത ജനുവരി 28, 29, 30, 31 തീയതികളില്‍ വാദിഹറമൈനിയിലാണ് സമ്മേളനം നടക്കുക. നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എട്ട് കര്‍മപദ്ധതികളും വിളംബര സമ്മേളനത്തില്‍ അവതരിപ്പിച്ചു. സാന്ത്വനപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന വിപുലമായ കേന്ദ്രം ആരംഭിക്കുന്നതടക്കമുള്ള പദ്ധതികള്‍ നൂറാം വാര്‍ഷിക കര്‍മപദ്ധതിയായി നടപ്പാക്കും. വിദ്യാഭ്യാസരംഗത്തും വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും. കേരളത്തിന്റെ സൗഹൃദാന്തരീക്ഷം നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ആവശ്യമായ ഇടപെടലുകള്‍ ശക്തമായി തുടരും. ബിദഈ പ്രതിരോധത്തിന് - ക്രിയാത്മകമായ ആവിഷ്‌കാരങ്ങള്‍ രൂപപ്പെടുത്തലും കര്‍മപദ്ധതിയുടെ ഭാഗമായി നടക്കും. കോട്ടക്കല്‍ ഒ പി എസ് റോയല്‍പാലസില്‍ നടന്ന സമസ്ത മുശാവറയില്‍ രണ്ട് പ്രമേയങ്ങള്‍ പാസ്സാക്കി. സമൂഹത്തിന്റെ സുസ്ഥിര വളര്‍ച്ചക്കും പുരോഗതിക്കും ഒരുമിച്ചുനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് ഓര്‍മപ്പെടുത്തിയുള്ള സമസ്തകള്‍ക്കിടയിലെ ഐക്യപ്രമേയവും ആദര്‍ശവൈകല്യമുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് താവളമൊരുക്കുന്ന അവസരവാദ നിലപാടുകളില്‍ നിന്ന് എല്ലാ രാഷ്ട്രീയസംഘങ്ങളും പിന്മാറണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രമേയവും മുശാവറ അംഗീകരിച്ചു. മുശാവറക്കു ശേഷം ആ വേദിയില്‍ തന്നെ പണ്ഡിതസമ്മേളനവും നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം പണ്ഡിതര്‍ പങ്കെടുത്തു. തുടര്‍ന്ന് വിളംബര സമ്മേളനത്തില്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. വലിയ ജനസഞ്ചയമാണ് വിളംബര സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയത്. ഉച്ചയോടെ തന്നെ മഞ്ചേരി റോഡില്‍ പുത്തൂരിലെ വിശാലമായ ഗ്രൗണ്ടിലേക്ക് ജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു. വൈകിട്ട് അഞ്ചോടെ നഗരി നിറഞ്ഞുകവിഞ്ഞു. വലിയ പ്രചാരണങ്ങള്‍ നടത്താതെ സമസ്ത വിളിച്ചപ്പോള്‍ സുന്നി കൈരളി കോട്ടക്കലിലേക്ക് ഒഴുകുകയായിരുന്നു. വിളംബര സമ്മേളനത്തിലെ ഈ ജനസഞ്ചയം സമസ്ത സെന്റിനറി സമാപന സമ്മേളനത്തെ ചരിത്രത്തിലേക്ക് എത്തിക്കുമെന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയായി. സയ്യിദ് ഹബീബ് കോയ തങ്ങളുടെ പ്രാര്‍ഥനയോടെയാണ് സമ്മേളനം തുടങ്ങിയത്. കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റഈസുല്‍ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി സമാപന പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ബുഖാരി, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, അബ്ദുല്ല അഹ്സനി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ അബ്ദുല്‍ഹകീം അസ്ഹരി, അബ്ദുല്‍ജലീല്‍ സഖാഫി ചെറുശ്ശോല സംസാരിച്ചു. പ്ലാനിംഗ്‌സെല്‍ കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ അലവി സഖാഫി കൊളത്തൂര്‍ നന്ദിയും പറഞ്ഞു. സുന്നിഐക്യം കാലഘട്ടത്തിന്റെ അനിവാര്യത ---------------------------------------------------------------- സുന്നി ഐക്യം കാലഘട്ടത്തിന്റെ വലിയ അനിവാര്യതയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍. കോട്ടക്കല്‍ ബഹ്‌റുല്‍ ഉലും നഗറില്‍ സമസ്ത നൂറാം വാര്‍ഷിക സമ്മേളന പ്രഖ്യാപനം നടത്തുകയായിരുന്നു കാന്തപുരം. സമസ്തയുടെ പ്രഖ്യാപിത നയനിലപാടുകളില്‍ നിന്നുകൊണ്ടുള്ള ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോകുക തന്നെ വേണമെന്നും കാന്തപുരം വ്യക്തമാക്കി. വിയോജിപ്പുകളുടെ വഴിയല്ല. മറിച്ച്, യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി ഒന്നിച്ചുനീങ്ങാനാണ് നാം ശ്രമിക്കേണ്ടത്. സുന്നി ഐക്യ ചര്‍ച്ചകള്‍ക്കായി ഇരുസമസ്തകളും നേരത്തെ നാല് അംഗങ്ങള്‍ വിതമുള്ള സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോയിട്ടുണ്ട്. അത്തരം ചര്‍ച്ചകള്‍ക്ക് ഇനിയും തങ്ങള്‍ സന്നദ്ധമാണ്. ക്രിയാത്മകമായ ഈ ശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടത്. വാക്കോ പ്രവൃത്തിയോകൊണ്ട് ഈ നീക്കങ്ങള്‍ക്ക് വിഘാതമാകുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. വിശ്വാസ വൈകല്യങ്ങളില്‍ നിന്നും തീവ്ര ചിന്താധാരകളില്‍ നിന്നും വിശ്വാസികളെയും പൊതുസമൂഹത്തെയും സംരക്ഷിക്കുക എന്നത് സുന്നി പണ്ഡിതന്മാരുടെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം വര്‍ധിച്ചുവരുന്ന സാമൂഹിക സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ കാണുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ നമുക്ക് കണ്ണടക്കാനാകില്ല. പ്രാഥമിക വിദ്യാഭ്യാസമോ കൃത്യമായ മതബോധമോ ലഭിക്കാത്ത ലക്ഷക്കണക്കിന് ആളുകളുണ്ട്. അവരുടെ പട്ടിണി മാറ്റാനും വിദ്യാഭ്യാസം നല്‍കി മികച്ച പൗരന്മാരായി വളര്‍ത്താനുമുള്ള നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളിലേക്ക് നമ്മുടെ സംവാദങ്ങള്‍ ഉയരണം. സമസ്തയിലെ തന്റെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങളില്‍ ആദര്‍ശസംരക്ഷണത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അത് സമസ്തയിലെ മഹാപണ്ഡിതന്മാര്‍ കാണിച്ചുതന്ന വഴിയാണെന്നും കാന്തപുരം പറഞ്ഞു.