അറിവും സംസ്‌കാരവുമുള്ള സമൂഹമാണ് കാലത്തിനാവശ്യം - കാന്തപുരം

ബംഗളുരു : അറിവും സംസ്‌കാരവുമുള്ള സമൂഹമാണ് വര്‍ത്തമാന ലോകത്തിനാവശ്യമെന്നും മദ്‌റസാധ്യാപകര്‍ ധര്‍മബോധത്തോടെയും ദിശാബോധത്തോടെയും സമൂഹത്തെ സമുദ്ധരിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ബോധിപ്പിച്ചു. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവരെല്ലാം ഇന്ത്യന്‍പൗരന്മാരാണെന്നും പുതിയ നിയമങ്ങള്‍ കൊണ്ടുവന്ന് രാജ്യത്തെ ജനങ്ങളെ പൗരന്മാരല്ലാതാക്കാനുള്ള നീക്കം ആപത്കരവും ഭരണഘടനാവിരുദ്ധവുമാണെന്നും കേന്ദ്രഗവണ്‍മെന്റ് പ്രസ്തുത നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും കാന്തപുരം ഓര്‍മിപ്പിച്ചു. മദ്‌റസാധ്യാപകരുടെ സംഘടനയായ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുപ്പതാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 9 മണിക്ക് സയ്യിദ് അലി ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച സമ്മേളനത്തില്‍ സ്പിരിച്വല്‍ കോണ്‍ഫറന്‍സ്, ലൗ, മേഴ്‌സി, പീസ് എന്ന പ്രമേയത്തെ അധികരിച്ചുള്ള സെമിനാര്‍ എന്നിവ നടന്നു. കാശ്മീര്‍, പഞ്ചാബ്, ജാര്‍ഘണ്ഡ്, യു.പി, മഹാരാഷ്ട്ര, കര്‍ണ്ണാടക, ആസാം, രാജസ്ഥാന്‍, തെലുങ്കാന, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ഞൂറ് പ്രതിനിധികള്‍ പങ്കെടുത്തു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, ഡോ. ഫാറൂഖ് നഈമി അല്‍ ബുഖാരി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. എസ്. എസ്. എ ഖാദര്‍ ഹാജി, ഡോ മുഹമ്മദ് ഫാസില്‍ റസ്‌വി, സയ്യിദ് മുഹമ്മദ് അശ്‌റഫി (രാജസ്ഥാന്‍), അബ്ദുറശീദ് സഖാഫി(കര്‍ണാടക), ശ്രീ ശിവരുദ്ര മഹാസ്വാമികള്‍(മുംബൈ), മൗലാനാ സൈനുല്‍ ആബിദീന്‍(ആസാം), ഹസൈനാര്‍ നദ്‌വി(അന്തമാന്‍) ഡോ. ശൗകത്ത് നഈമി അല്‍ ബുഖാരി(കാശ്മീര്‍), മുഫീസ് സഅദി (യു.പി), ഡോ. സമീര്‍ പാശ, മുഹമ്മദ് സീശാന്‍, ടി. അബൂഹനീഫല്‍ ഫൈസി, വി.പി. എം ഫൈസി വില്യാപ്പള്ളി, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ശാഹുല്‍ ഹമീദ് ബാഖവി വാര്‍ഷികാഘോഷ പദ്ധതി അവതരിപ്പിച്ചു. 30 മദ്‌റസകളുടെ അംഗീകരണ ഫോറം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാനേജ്‌മെന്റ് പ്രതിനിധികള്‍ കാന്തപുരത്തെ ഏല്‍പിച്ചു. മുപ്പതാം വാര്‍ഷിക പദ്ധതികളുടെ ഭാഗമായ എല്ലാ മദ്‌റസാധ്യാപകര്‍ക്കും ഭവനമെന്ന പദ്ധതിയുടെ ആദ്യ അപേക്ഷ സമ്മേളനത്തില്‍ സ്വീകരിച്ചു.