SJM CENTRAL OFFICE, 3097A Samastha, Kozhikode - 673006 sjmstatecommittee@gmail.com 0495 27728 46 www.sjmindia.org
Follow us:
കാന്തപുരത്തിന്റെ കേരളയാത്ര ചരിത്രം സൃഷ്ടിച്ചു

കാന്തപുരത്തിന്റെ കേരളയാത്ര ചരിത്രം സൃഷ്ടിച്ചു

02 Feb 2026

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നുമുതല്‍ 16 കൂടിയ നാളുകളില്‍ നടത്തിയ കേരളയാത്ര സുന്നി നവോത്ഥാനരംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ചു. ജനുവരി ഒന്നിന് ഉച്ചയ്ക്ക് ഉള്ളാള്‍ സയ്യിദ് ശരീഫുല്‍മദനി മഖാമില്‍ നടന്ന ഭക്തിനിര്‍ഭരവും ജനനിബിഡവുമായ സിയാറത്തിനു ശേഷം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരും വൈസ് പ്രസിഡന്റ് കുമ്പോല്‍ കെഎസ് ആറ്റക്കോയ തങ്ങളും ചേര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ എ പി ഉസ്താദിന് സമസ്തയുടെ പതാക കൈമാറി. ഉള്ളാള്‍ ദര്‍ഗ സാരഥികളും കര്‍ണാടക ജംഇയ്യത്തുല്‍ഉലമ നേതാക്കളും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും സംബന്ധിച്ചു. തുടര്‍ന്ന് വൈകുന്നേരം ചെര്‍ക്കളയില്‍ നടന്ന കാസര്‍കോട് ജില്ലയുടെ സ്വീകരണം ആവേശോജ്ജ്വലമായി. ശേഷം കേരളത്തിലെ 14 ജില്ലകളിലും സമീപജില്ലയായ നീലഗിരിയിലെ ഗൂഡല്ലൂരിലും സ്വീകരണം ഏറ്റുവാങ്ങിയ യാത്ര 16ന് അനന്തപുരിയില്‍ സമാപിക്കുമ്പോള്‍ പുതുമാതൃകയാവുകയായിരുന്നു. ഒരു പുരുഷായുസ്സ് മുഴുവന്‍ സ്‌നേഹത്തിന്റെ ഇടപെടലുകള്‍ക്ക് വിനിയോഗിച്ച മഹാമനീഷി മനുഷ്യന്‍ മനുഷ്യരോടൊപ്പം ഉണ്ടോ എന്ന ചോദ്യമുയര്‍ത്തി നാടിന്റെ ഹൃദയഭൂമിയിലൂടെ നടത്തിയ യാത്രയെ മതരാഷ്ട്രീയ മതിലുകള്‍ക്കപ്പുറം ഒരു ജനത വാരിപ്പുണരുകയായിരുന്നു സമാപന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന നടത്തി. ഉപനായകരായ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസംഗിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യാതിഥിയായി. വികസനരേഖ കാന്തപുരം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമര്‍പ്പിച്ചു. വിവിധ സുന്നി സംഘടനാസാരഥികളും മതാചാര്യരും രാഷ്ട്രീയ നേതാക്കളും സംബന്ധിച്ചു.