കുസുമം സില്‍വര്‍ജൂബിലി നിറവില്‍
30 Dec 2025
കോഴിക്കോട്: സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന കുസുമം ബാലമാസികയുടെ 25-ാം വാര്‍ഷികം വിപുലപരിപാടികളോടെ ആഘോഷിക്കാന്‍ എസ് ജെ എം തീരുമാനിച്ചു. കുട്ടികളില്‍ അറിവുകളും ധാര്‍മിക ചിന്തകളും വളരാന്‍ സഹായിക്കുന്ന മാസിക 2001 ലാണ് പ്രസിദ്ധീകരണമാരംഭിച്ചത്. സില്‍വര്‍ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സാഹിത്യക്യാമ്പുകളും ശില്പശാലകളും മത്സരങ്ങളും സംഘടിപ്പിക്കാന്‍ സമസ്തസെന്ററില്‍ ചേര്‍ന്ന എസ് ജെ എം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സില്‍വര്‍ജൂബിലി അനുബന്ധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ വി വി അബൂബക്കര്‍ സഖാഫി കണ്‍വീനറും ശഫീഖ് ബുഖാരി, സുഫ്‌യാന്‍ ബുഖാരി അംഗങ്ങളുമായി മൂന്നംഗ സമിതിക്ക് യോഗം രൂപം നല്‍കി. പ്രസിഡന്റ് അലി ബാഫഖി അധ്യക്ഷതവഹിച്ചു. ജന.സെക്രട്ടറി അബൂഹനീഫല്‍ ഫൈസി, ട്രഷറര്‍ വിപിഎം വില്യാപ്പള്ളി സെക്രട്ടറിമാരായ ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സംസാരിച്ചു.